12:04pm 28 November 2026
NEWS
തിരുപ്പറംകുൺട്രം ദീപത്തൂണിൽ ഇന്ന് വിളക്ക് തെളിക്കും; സുരക്ഷയ്ക്കായി 200 സിആർപിഎഫ് ഉദ്യോഗസ്ഥർ
28/11/2026  09:19 AM IST
nila
തിരുപ്പറംകുൺട്രം ദീപത്തൂണിൽ ഇന്ന് വിളക്ക് തെളിക്കും; സുരക്ഷയ്ക്കായി 200 സിആർപിഎഫ് ഉദ്യോഗസ്ഥർ

 

ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മധുരയിലെ തിരുപ്പറംകുൺട്രം ക്ഷേത്രത്തിലെ ദീപത്തൂണിൽ ഇന്ന് ദീപം തെളിക്കും. ചടങ്ങിന് മുന്നോടിയായി ക്ഷേത്രത്തിലും സമീപത്തെ സിക്കന്ദർ ബാദുഷ ദർഗയിലും സുരക്ഷ ശക്തമാക്കി. 200 അംഗ സിആർപിഎഫ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിലായിരിക്കും ദീപം തെളിക്കൽ.

ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുള്ള ട്രസ്റ്റ് ബോർഡിനെ കോടതി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. പകരം താൽക്കാലിക ഭരണനിർവഹണത്തിനായി റിസീവർമാരെ നിയമിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിനും ക്ഷേത്രദർശനത്തിനും പൊതുജനങ്ങൾക്ക് അനുമതിയുണ്ടാകും.

നേരത്തെ നവംബർ 24ന് ഒരു തവണ ദീപം തെളിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നെങ്കിലും ഉത്തരവ് നടപ്പായിരുന്നില്ല. ഇതേത്തുടർന്ന് കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് വീണ്ടും നിർദേശം നൽകിയത്. ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച ദീപത്തിൽനിന്നോ അത് ഇപ്പോഴും കത്തുന്നില്ലെങ്കിൽ മറ്റ് മാർഗങ്ങളിലൂടെയോ ദീപത്തൂണിൽ വിളക്ക് തെളിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.

കുന്നിൻമുകളിലെ സിക്കന്ദർ ബാദുഷ ദർഗയിൽനിന്ന് 50 മീറ്റർ അകലെയുള്ള ദീപത്തൂണിൽ വിളക്ക് തെളിക്കാൻ അനുമതി തേടി ഹിന്ദുസംഘടനകൾ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. ദീപത്തൂണിൽ വിളക്ക് തെളിക്കുന്നത് പരമ്പരാഗത ആചാരമല്ലെന്നും കാലങ്ങളായി മറ്റൊരു സ്ഥലത്താണ് ചടങ്ങ് നടന്നുവന്നിരുന്നതെന്നുമായിരുന്നു ക്ഷേത്ര ഭരണസമിതിയുടെ വാദം.

എന്നാൽ, ദീപം തെളിക്കുന്നത് ദർഗയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. ദീപത്തൂൺ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സർവേ കല്ല് മാത്രമാണെന്ന സംസ്ഥാന സർക്കാരിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

അതിനിടെ, കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി, മധുര ജില്ലാ കലക്ടർ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ, ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നിവർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോടതിയുടെ ഉത്തരവുകൾ ആർക്കും അട്ടിമറിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img